
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഗുദൈബിയയിലെ അബ്ദുല്ല ബിന്‍ ജബര്‍ അല്‍ ദോസാരി സ്ട്രീറ്റില്‍ നാലാമത്തെ ലെജിസ്ലേഷന് (നിയമവിധേയമാക്കല്‍) ഓഫീസ് തുറന്നു.
പൗരര്‍ക്കും വിദേശികള്‍ക്കും വേഗത്തിലുള്ളതും കൃത്യവും കാര്യക്ഷമവുമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പോസ്റ്റില്, പരമ്പരാഗത സാക്ഷ്യപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കോണ്‍സുലാര്‍ അറ്റസ്റ്റേഷന് സേവനങ്ങളുടെ പൂര്‍ണ സംവിധാനം പുതിയ ഓഫീസിലുണ്ടാകും.
സര്‍ക്കാര്‍ സേവനങ്ങള്‍ വികസിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കാനുമുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ക്കനുസൃതമായി സമഗ്രമായ ഡിജിറ്റൈസേഷന് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രകടനം മെച്ചപ്പെടുത്താനും ജീവനക്കാരുടെ കഴിവുകള്‍ ശക്തിപ്പെടുത്താനും കോണ്‍സുലാര്‍ സേവനങ്ങളിലുടനീളം ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് മന്ത്രാലയത്തിലെ കോണ്‍സുലാര്‍ സേവന വിഭാഗം അറിയിച്ചു.


