
മനാമ: ബഹ്റൈനില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.
1998 മുതല്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, പരിശീലന കേന്ദ്രങ്ങള്‍, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി സ്കൂളുകള്‍ തുടങ്ങി എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുക, ഭരണം ശക്തിപ്പെടുത്തുക, ദേശീയ വിദ്യാഭ്യാസ നയവുമായി അവ യോജിച്ചുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് നിയമത്തിന്റെ ലക്ഷ്യങ്ങള്‍. സ്കൂള്‍ ഉടമസ്ഥാവകാശ പിന്തുടര്ച്ച നിയന്ത്രിക്കല്‍, ട്യൂഷന് ഫീസ് നിരീക്ഷിക്കല്‍, പാഠ്യപദ്ധതി ദേശീയവും മതപരവുമായ മൂല്യങ്ങളെ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലവിലെ നിയമത്തിനുള്ള ചില പരിമിതികള്‍ പുതിയ നിയമം പരിഹരിക്കുമെന്ന് പാര്‍ലമെന്ററി സര്‍വീസസ് കമ്മിറ്റി വ്യക്തമാക്കി.
പുതിയ നിയമം വിപുലമായ നിയന്ത്രണാധികാരം നല്‍കുന്നുണ്ടെന്നും വിദ്യാലയങ്ങളുടെ മേല്‍നോട്ടം സാധ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിയമനങ്ങള്‍ക്ക് പിഴ ചുമത്താനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. കൂടാതെ ബഹ്റൈന്‍ പൗരരുടെ തൊഴിലിനു മുന്‍ഗണന നല്‍കിക്കൊണ്ട് നിക്ഷേപകര്‍ക്ക് ദീര്‍ഘമായ ലൈസന്‍സിംഗ് കാലയളവുകള്‍ അനുവദിക്കും. അതേസമയം വിദ്യാഭ്യാസ മേഖലയില്‍ വിദേശനിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.


