
മനാമ: ബഹ്റൈനില്‍ കിന്റര്ഗാര്ട്ടന് വിദ്യാര്‍ത്ഥിയായ കുട്ടി അടച്ചിട്ട കാറില്‍ ശ്വാസംമുട്ടി മരിക്കാനിടയായ കേസില്‍ പ്രതിയായ വനിതാ ഡ്രൈവര്‍ക്ക് കുട്ടിയുടെ മാതാവ് മാപ്പു നല്കി.
വിധവയും 40കാരിയും മൂന്നു കുട്ടികളുടെ മാതാവുമായ ബഹ്റൈനി വനിതയാണ് കേസിലെ പ്രതി. ഹൈ ക്രിമിനല്‍ കോടതിയില്‍ അവര്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി വാഹനത്തിലുള്ള കാര്യം മറന്നുപോയതുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അവര്‍ പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. ഹസ്സന് അല്‍ മഹരി എന്ന കുട്ടിയാണ് മരിച്ചത്. കിന്റര്‍ഗാര്‍ട്ടനിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള വാഹനം ഓടിച്ചിരുന്ന പ്രതി, വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ രാവിലെ 7.45ന് വാഹനം പൂട്ടി പോകുകയായിരുന്നു. 11.45ന് തിരിച്ചെത്തി വാഹനം തുറന്നപ്പോഴാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ വാഹനത്തില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബി.ഡ.ിഎ.ഫ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
ഇന്നലെ നടന്ന വാദം കേള്‍ക്കലിനിടയില്‍ കുട്ടിയുടെ അടുത്തൊരു ബന്ധുവാണ് മാതാവ് പ്രതിക്ക് മാപ്പു നല്കിയ കാര്യം കോടതിയെ അറിയിച്ചത്.


