
മനാമ: ബഹ്റൈനില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ ഏഷ്യക്കാരനായ തൊഴിലാളി 25 മീറ്റര്‍ ഉയരത്തില്‍നിന്ന് വീണു മരിച്ച കേസില്‍ കമ്പനി ഉദ്യോഗസ്ഥനെതിരായ വിചാരണ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
2024 മെയ് ആറിനാണ് കേസിനാസ്പദമായ സംഭവം. സുരക്ഷാ മാനദണ്ഡങ്ങളും തൊഴില്‍ നിയന്ത്രണങ്ങളും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. സുരക്ഷിതമായ സ്ക്രാഫോള്ഡിംഗ് നല്‍കിയില്ല, വീഴ്ചാ സംരക്ഷണ സംവിധാനങ്ങളുണ്ടാക്കിയില്ല, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഉയരത്തില്‍ ജോലി ചെയ്യിച്ചു എന്നീ കുറ്റങ്ങളാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിരിക്കുന്നത്.
വാദം കേള്‍ക്കല്‍ വേളയില്‍ ഉദ്യോഗസ്ഥന് കുറ്റം നിഷേധിച്ചു. കേസ് ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ അടുത്ത വാദം കേള്‍ക്കല്‍ നവംബര്‍ 16ലേക്ക് മാറ്റിവെച്ചു.


