
മനാമ: ബഹ്റൈനില്‍ വിദേശ തൊഴിലാളികള്‍ക്കോ സംരംഭകര്‍ക്കോ കുടുംബങ്ങളെ കൊണ്ടുവരാന്‍ കുറഞ്ഞ പ്രതിമാസ വരുമാനം 1,000 ദിനാര്‍ വേണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് ഐകകണ്ഠ്യേന അംഗീകാരം നല്കി.
സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓന്‍കിന്റെ നേതൃത്വത്തില്‍ 5 എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. എല്ലാ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൈമാറി.
കുറഞ്ഞ വരുമാനമുള്ള വിദേശികളുടെ കുടുംബങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നത് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവുമടക്കമുള്ള പൊതുസേവനങ്ങള്‍ക്ക് കനത്ത സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇതു പരിഹരിക്കാനും വിദേശ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാനും ഈ വേതന വ്യവസ്ഥ ആവശ്യമാണെന്നും എം.പിമാര്‍ പറഞ്ഞു.

