
മനാമ: ബഹ്റൈനില്‍ കിന്റര്‍ഗാര്‍ട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പ്രതിയായ വനിതാ വാഹന ഡ്രൈവര്‍ക്കെതിരെ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ചു.
കോടതിയില്‍ കുറ്റപത്രം വായിച്ചപ്പോള്‍, താന്‍ കുട്ടി വാഹനത്തിലുണ്ടായിരുന്നത് മറന്നുപോയെന്ന് പ്രതി മൊഴി നല്കി. കേസ് ഫയലുകള്‍ പരിശോധിക്കുന്നതിനും അന്വേഷണ രേഖകളുടെ പൂര്‍ണ പകര്‍പ്പ് ലഭിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്നും അതുവരെ തന്റെ കക്ഷിയെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു. പ്രതിയെ കസ്റ്റഡിയില്‍ തന്നെ വെക്കാന്‍ ഉത്തരവിട്ടുകൊണ്ട് കോടതി വാദം കേള്‍ക്കല്‍ നവംബര്‍ 9ലേക്ക് മാറ്റിവെച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ കിന്റര്‍ഗാര്‍ട്ടനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വഴിയില്‍ വാഹനം നിര്‍ത്തി കുട്ടി അകത്തുള്ളത് മറന്നു വാഹനം പൂട്ടിയിട്ട് ഡ്രൈവറായ സ്ത്രീ പോകുകയായിരുന്നു. മണിക്കൂറുകളോളം വാഹനത്തിലിരുന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ഇതിനും ലൈസന്‍സില്ലാതെ സ്റ്റുഡന്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നടത്തിയതിനുമാണ് സ്ത്രീക്കെതിരെ കേസെടുത്തത്.


