
മനാമ: ബഹ്റൈനിലെ കാന്‍സര്‍ രോഗികളെ സഹായിക്കാനും മെഡിക്കല്‍, മാനുഷിക പരിചരണ സംവിധാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് നീതി, ഇസ്ലാമിക് കാര്യ, വഖഫ് മന്ത്രാലയത്തിന്റെ സകാത്ത് ആന്റ് ചാരിറ്റി ഫണ്ടും റോയല്‍ മെഡിക്കല്‍ സര്‍വീസസും (ആര്.എം.എസ്) ബഹ്റൈന്‍ ഓങ്കോളജി സെന്ററില്‍ സഹകരിക്കാനുള്ള ചട്ടക്കൂട് കരാറില്‍ ഒപ്പുവച്ചു.
സാമൂഹിക ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സംയുക്ത ദേശീയ ശ്രമങ്ങളുടെ ഭാഗമായാണിത്.
കരാര്‍ പ്രകാരം യോഗ്യരായ രോഗികളെ സഹായിക്കാന്‍ ഇസ്ലാമിക തത്വങ്ങള്‍ക്കനുസൃതമായി സകാത്ത് ആന്റ് ചാരിറ്റി ഫണ്ട് സകാത്ത് ഫണ്ടുകള്‍ നല്‍കും. അതേസമയം പൊതു സംഭാവനകളും സ്വീകരിക്കും. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാനും രോഗനിര്‍ണയ, ചികിത്സാ സേവനങ്ങളുടെ വികസനത്തിനും ധനസഹായം നല്‍കും. വ്യക്തികളെയും സ്ഥാപനങ്ങളെയും കേന്ദ്രത്തിന്റെ ആരോഗ്യ ഗവേഷണ പരിപാടികള്‍ക്ക് എളുപ്പത്തിലും സുരക്ഷിതമായും സംഭാവന ചെയ്യാന്‍ പ്രാപ്തമാക്കുന്ന ഒരു ഓണ്‍ലൈന്‍ സംഭാവനാ പ്ലാറ്റ്ഫോം ആരംഭിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഈ പങ്കാളിത്തത്തെ അഭിനന്ദിച്ചു.


