
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം. അറിയിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത്. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പ്രേം കുമാറിനെ അക്കാദമിയുടെ ഭാഗത്ത് നിന്നും അറിയിച്ചു കാണും എന്ന് കരുതുന്നു. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റൊന്നും സംഭവിച്ചിട്ടില്ല. ആശാ സമരത്തെ പ്രകീർത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രേം കുമാർ ഇതുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായങ്ങൾ പറഞ്ഞിട്ടില്ല. പ്രേംകുമാറിനോട് കഴിഞ്ഞദിവസം സംസാരിച്ചിരുന്നു. അദ്ദേഹം നൽകിയത് മികച്ച സേവനമാണെന്നും അദ്ദേഹത്തിന് സർക്കാർ നൽകിയത് നല്ല അവസരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര മേളയുടെ നടത്തിപ്പിൽ സംഘാടക മികവ് എന്നത് പ്രേംകുമാറിന്റെതു മാത്രമല്ലെന്ന് പറഞ്ഞ മന്ത്രി എല്ലാവരും ചേർന്നാണ് മേള നടത്തിയതെന്നും വ്യക്തമാക്കി.
കല്ലുകടിയോ വിവാദങ്ങളോ ഇല്ലാതെ അർഹരായവർക്ക് പുരസ്കാരം നൽകുമെന്ന് ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ച് സജി ചെറിയാൻ പ്രതികരിച്ചു. കഴിഞ്ഞ നാല് കൊല്ലവും അങ്ങനെ തന്നെയാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


