
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന ‘നോസ്ട്ര എറ്റേറ്റ്’ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവുമായി ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോ-എക്സിസ്റ്റന്‍സിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു.
മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ജോര്‍ജ് കോവക്കാട് ആതിഥേയത്വം വഹിച്ച പരിപാടിയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പ്രമുഖ ആഗോള മതപണ്ഡിതരും പങ്കെടുത്തു.
വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വ്യത്യസ്ത വിശ്വാസങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആഗോള സംസ്കാരം വളര്‍ത്തിയെടുക്കാനുമുള്ള ബഹ്റൈന്റെ നിരന്തരശ്രമങ്ങളെക്കുറിച്ച് മന്ത്രി സംസാരിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് അടുത്തകാലത്ത് നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച നോസ്ട്ര എറ്റേറ്റ് പ്രഖ്യാപനം വ്യത്യസ്ത മതങ്ങളുടെ അനുയായികള്‍ക്കിടയില്‍ സംഭാഷണവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണെന്നും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.


