
ന്യൂയോര്‍ക്ക്: പലസ്തീന് ജനതയുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്കും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്ന രാഷ്ട്രീയ പ്രക്രിയ പിന്തുടരുന്നതിനും യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ബഹ്റൈന്‍ ഉറച്ച പിന്തുണ ആവര്‍ത്തിച്ചു.
ദ്വിരാഷ്ട്ര പരിഹാരം, പ്രസക്തമായ യു.എന്‍. പ്രമേയങ്ങള്‍, അന്താരാഷ്ട്ര നിയമം എന്നിവയ്ക്കനുസൃതമായി പലസ്തീനിന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണയും ‘പലസ്തീന് പ്രശ്നമുള്‍പ്പെടെ മദ്ധ്യപൗരസ്ത്യ ദേശത്തെ സാഹചര്യം’ എന്ന വിഷയത്തില്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന തുറന്ന ചര്‍ച്ചയ്ക്കിടെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്രസംഘത്തിലെ അംഗമായ അംബാസഡര്‍ നാന്‍സി അബ്ദുല്ല ജമാല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
പലസ്തീന് പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതില്‍ സൗദി അറേബ്യയും ഫ്രാന്‍സും വഹിച്ച പങ്കിനെ അവര്‍ പ്രശംസിച്ചു.


