
മനാമ: ‘സുരക്ഷിത പരിസ്ഥിതിക്കുള്ള രസതന്ത്രം’ എന്ന വിഷയത്തില്‍ ബഹ്റൈനിലെ ഗള്‍ഫ് ഹോട്ടലില്‍ ആദ്യ അന്താരാഷ്ട്ര കെമിക്കല്‍ സുരക്ഷാ സമ്മേളനവും പ്രദര്‍ശനവും (കെംസേഫ് 2025) ആരംഭിച്ചു.
ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പങ്കെടുത്തു. എണ്ണ-പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധര്‍, നയനിര്‍മാതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ രാസസുരക്ഷയിലെ മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും ഉയര്‍ത്തിക്കാട്ടാനും അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രതിരോധത്തിന്റെയും സുരക്ഷയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കാനുമായി ബഹ്റൈന്‍ സൊസൈറ്റി ഓഫ് കെമിസ്റ്റ്സും അല്‍ മഷ്റെഖ് പരിശീലന കേന്ദ്രവും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സുരക്ഷയിലെ നേതൃത്വം, കെമിക്കല്‍ പ്രവര്‍ത്തന സുരക്ഷ, റിസ്ക് മാനേജ്മെന്റ്, അടിയന്തര പ്രതികരണം, സുരക്ഷാ മാനേജ്മെന്റിലെ മാനുഷികവും പെരുമാറ്റപരവുമായ ഘടകങ്ങള്‍, പരിസ്ഥിതി സുസ്ഥിരത, വ്യാവസായിക വിഭവങ്ങളുടെ സംരക്ഷണം, ലബോറട്ടറി സുരക്ഷ എന്നിവയുള്‍പ്പെടെ മേഖലയിലെ വ്യവസായവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.


