
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി വിവാദത്തില്‍ സി.പി.ഐയുടെ ഉപാധിക്കു മുന്നില്‍ മുട്ടുമടക്കി സി.പി.എം.
പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ട് കത്തു നല്കാന് തീരുമാനമായി. ഇന്നു രാവിലെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സി.പി.എമ്മിന്റെ അവെയ്ലബിള് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
കേന്ദ്രത്തിന് അയയ്ക്കാനുദ്ദേശിക്കുന്ന കത്തിന്റെ കരട് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.പി.ഐ. നേതൃത്വത്തിന് കൈമാറി. ഈ കരട് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയാണ്.
രാവിലെ നടന്ന അടിയന്തര യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എം.എ. ബേബി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്‍.ഡി.എഫ്. കണ്‍വീനല്‍ ടി.പി. രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തിരുന്നു. പി.എം. ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തില്‍ ധാരണയായത്. പി.എം. ശ്രീയില്‍നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തു നല്‍കണമെന്നാണ് സി.പി.ഐ. വെച്ചിരുന്ന ഉപാധി.
അതേസമയം, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയുടെ നാലു മന്ത്രിമാരും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെയാണ് സി.പി.എം. കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. മന്ത്രിസഭാ യോഗത്തില്‍നിന്ന് സി.പി.ഐ. മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്.
പദ്ധതി റദ്ദാക്കണമെന്ന കടുത്ത നിലപാടാണ് സി.പി.ഐക്കുള്ളത്. വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നും പാര്‍ട്ടി പറയുന്നു.


