
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ 3 എ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് അറിയിച്ചു.
സുഗമമായ ഗതാഗതം ഉറപ്പാക്കുന്ന സുപ്രധാന ഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി മുഹറഖിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സുപ്രധാനവും അറാദിലെയും ഖലീഫ അല്‍ കബീര്‍ ഹൈവേയിലെയും ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ ഉപകാരപ്പെടുന്നതുമാണ്. ഖലീഫ അല്‍ കബീര്‍ ഹൈവേയും അറാദ് ഹൈവേയും ചേരുന്ന ജംഗ്ഷനില്‍ ഒരു ഫ്രീ ലെഫ്റ്റ് ടേണ്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.


