
മനാമ: വിലയേറിയ ആഡംബര വാച്ചുകള്‍ നികുതി വെട്ടിച്ച് ബഹ്റൈനില്‍നിന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരുടെ വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
35ഉം 40ഉം വയസുള്ള ഏഷ്യക്കാരാണ് പ്രതികള്‍. 182 ഇടപാടുകളില്‍ 3,09,755 ദിനാറിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയതിനും ഇവരുടെ പേരില്‍ കേസുണ്ട്. കോടതിയില്‍ ഇവര്‍ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കാനായി കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റിവെച്ചു.
വാച്ചുകള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്ന ഇവര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെന്ററില്‍നിന്ന് നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗത്തിന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പിടിയിലായത്. നികുതി വെട്ടിപ്പ് കുറ്റകൃത്യ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാടുവിടാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.


