
മനാമ: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2026 ബഹ്റൈനില്‍ നടക്കും.
2026 ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് മത്സരം. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഇതിനുള്ള കരാറില്‍ ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി (ബി.പി.സി) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ ദുഐജ് അല്‍ ഖലീഫയും ബി.ഡബ്ലിയു.എഫ്. പ്രസിഡന്റ് ഖുനിയിങ് പട്ടാമ ലീസ്വാദ് ട്രാക്കൂലും ഒപ്പുവെച്ചു. ബി.പി.സി. സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് അല്‍ മാജിദും ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്റ് സ്ക്വാഷ് ഫെഡറേഷന് പ്രസിഡന്റ് ഡോ. സസ്വാന്‍ തഖാവിയും ഒപ്പുവെക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു.


