
മനാമ: ക്വാലാലംപൂരില്‍ നടന്ന അസോസിയേഷന് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ തായ്ലന്ഡും കംബോഡിയയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.
പൗരരുടെ ജീവന് സംരക്ഷിക്കാനും ശാശ്വത സമാധാനം കൈവരിക്കാനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് രാജ്യം ഈ കരാറിനെ കാണുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, ആസിയാന്റെ തത്വങ്ങളും ലക്ഷ്യങ്ങളും എന്നിവയ്ക്കനുസൃതമായി സ്ഥിരത, പ്രാദേശിക സഹകരണം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.


