
മനാമ ∙ ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിൽ ഓണാഘോഷങ്ങൾ നിറഞ്ഞുനിൽക്കുന്ന വേളയിൽ, എൻ.എസ്.എസ്.ന്റെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) അവതരിപ്പിച്ച വള്ളുവനാടൻ ഓണസദ്യ പ്രവാസി മലയാളികൾക്ക് പുതുമയാർന്ന അനുഭവമായി.

വള്ളുവനാടിന്റെ തനതായ രുചിയും പാരമ്പര്യവും നിറഞ്ഞ വിഭവങ്ങൾ ഒരുക്കിയത് നാട്ടിൽ നിന്നെത്തിയ പ്രശസ്ത പാചക വിദഗ്ധൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു. രണ്ട് തരം പായസങ്ങൾ ഉൾപ്പെടുത്തിയ സദ്യയിൽ ‘പഴപ്രഥമൻ’ എന്ന പായസം അതിന്റെ അനന്യമായ രുചിയാൽ ശ്രദ്ധനേടി.

ബഹ്റൈനിൽ തന്നെയുള്ള രവികുമാർ, ഗിരീഷ് എന്നിവർ നേതൃത്വം നൽകിയ പാചകസംഘവും സദ്യയുടെ ഒരുക്കത്തിൽ പങ്കാളികളായി. ജനാർദ്ദനൻ നമ്പ്യാർ മുഖ്യ ഉപദേശകനായ കമ്മിറ്റിയിൽ ചന്ദ്രശേഖരൻ കൺവീനറായും പ്രവർത്തിച്ചു.

സദ്യയ്ക്ക് മുന്നോടിയായി നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യ അതിഥി ആയി ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് മിശ്ര സംബന്ധിച്ചു .കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷനായ ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു. പ്രിയയും ഹരീഷ് മേനോനും വേദിനിർവഹണം ഏറ്റെടുത്തു.വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.
കലാപരിപാടികളാലും നാടൻ പാട്ടുകളാലും നിറഞ്ഞ ഓണാഘോഷം സോപാനം വാദ്യകല സംഘം അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ ആരംഭിച്ച്, ആരവം നാടൻ പാട്ട് കൂട്ടം അവതരിപ്പിച്ച നാടൻ പാട്ടോടെ ആവേശഭരിതമായി സമാപിച്ചു. കലാ പരിപാടികളുടെ സംയോജനം ബിന്ദു നായർ നിർവഹിച്ചു. ബഹ്റൈനിലെ വിവിധ സംസ്കാരിക സംഘടന പ്രതിനിധികളും മത പ്രതിനിധികളും പങ്കെടുത്ത ഓണാഘോഷം ഒരുമയുടെ ആഘോഷമായി മാറി



