
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങും. അതിനാൽ പോറ്റിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദില്ലിയിൽ മുഖ്യമന്ത്രി ചെന്ന ശേഷമുള്ള മാറ്റം എന്താണെന്ന് എല്ലാവർക്കും അറിയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ്, പിണറായി വിജയനെ ബ്ലാക്ക് മെയിൽ ചെയ്തത് ആരാണെന്നും ചോദിച്ചു. പ്രതിപക്ഷത്തെ കബളിപ്പിച്ചാൽ മനസ്സിലാക്കാം. ഇത് കൂടെയുള്ള മന്ത്രിമാരെ പോലും പറ്റിക്കുകയായിരുന്നു. ഒരിക്കലും ഒപ്പുവെക്കരുത് എന്ന് സിപിഐ മന്ത്രിമാർ പറഞ്ഞപ്പോൾ മൗനം അവലംബിച്ചു. എംഎ ബേബി വിധേയനെ പോലെ നിൽക്കുകയാണ്. സീതാറാം യെച്ചൂരി ആയിരുന്നെങ്കിൽ ഇത് നടക്കില്ലായിരുന്നെന്നും വിഡി സതീശൻ പറഞ്ഞു.


