
മനാമ: ബഹ്റൈനില്‍ തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച കേസില്‍ ആഫ്രിക്കക്കാരിയായ വീട്ടുവേലക്കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷയും 1,000 ദിനാര്‍ പിഴയും വിധിച്ചു.
ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. 60കാരിയായ തൊഴിലുടമ അസുഖം ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ അവരുടെ മൊബൈല്‍ ഫോണെടുത്ത് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തി മറ്റൊരു ആഫ്രിക്കക്കാരിക്ക് പണം അയച്ചുകൊടുത്തു എന്നാണ് കേസ്. തന്റെ ഫോണില്‍നിന്ന് താനറിയാതെ 180 ദിനാര്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയ തൊഴിലുടമ അത് സഹോദരിയോട് പറയുകയായിരുന്നു. അക്കൗണ്ട് പരിശോധിക്കാന്‍ അവര്‍ സഹോദരിയോട് ആവശ്യപ്പെട്ടു. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഇങ്ങനെ അക്കൗണ്ട് ഉടമ അറിയാതെ 778 ദിനാര്‍ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പ്രതി കുറ്റം സമ്മതിച്ചു.
ബഹ്റൈനിലെ തന്റെ താമസാനുമതി പുതുക്കിത്തരാമെന്നു വാഗ്ദാനം ചെയ്തതുകൊണ്ടാണ് കാശ് കൈമാറിയതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറി. പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.


