
മനാമ: ആഗോള ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തടസ്സം മൂലം ബഹ്റൈനിലെ ചില സര്‍ക്കാര്‍ ഡിജിറ്റല്‍ സംവിധാനങ്ങളെയും വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും ബാധിച്ച സമീപകാല സാങ്കേതിക പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. എല്ലാ സേവനങ്ങളും ഇപ്പോള്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
ഉപയോക്താക്കള്‍ക്ക് എല്ലാ ഡിജിറ്റല്‍ ഗവണ്മെന്റ് സംവിധാനങ്ങളും പൂര്‍ണമായും ആക്സസ് ചെയ്യാനും ഉപയോഗിക്കാനും കഴിയുമെന്ന് ഐ.ജി.എ. വ്യക്തമാക്കി. സേവനങ്ങള്‍ ഇപ്പോള്‍ സ്ഥിരതയുള്ളതും പതിവുപോലെ പ്രവര്ത്തനക്ഷമവുമായിട്ടുണ്ട്.
ഗവണ്മെന്റ് ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഉപയോക്താക്കള്‍ 80008001 എന്ന നമ്പറില്‍ ഗവണ്മെന്റ് സര്‍വീസസ് കോണ്ടാക്റ്റ് സെന്ററുമായി ബന്ധപ്പെടുകയോ നാഷണല്‍ സജഷന്‍സ് ആന്റ് കംപ്ലയിന്റ്സ് സിസ്റ്റം (തവാസുല്‍) വഴി അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.


