
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ദീപാവലി ആഘോഷത്തില്‍ ബഹ്റൈനി സമൂഹം പങ്കുചേര്‍ന്നു.
ആഘോഷങ്ങളില്‍ പങ്കുചേരാന്‍ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ കോ-എക്സിസ്റ്റന്‍സ് ആന്റ് ടോളറന്‍സിന്റെ (കെ.എച്ച്.ജി.സി) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് കൂടിയായ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ രാജ്യത്തെ നിരവധി ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു.
ബഹ്റൈന്റെ ദേശീയ വികസനത്തിന് ഇന്ത്യക്കാര്‍ നല്കിയ സംഭാവനകളെയും സന്നദ്ധപ്രവര്‍ത്തനം, സാമൂഹ്യ സേവനം, ബിസിനസ്, സംരംഭകത്വം എന്നിവയില്‍ സജീവമായി അവര്‍ പങ്കെടുക്കുന്നതിനെയും ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അഭിനന്ദിച്ചു.
മതങ്ങള്‍, സംസ്കാരങ്ങള്‍, വംശങ്ങള്‍ എന്നിവയ്ക്കിടയിലുള്ള മനുഷ്യ സാഹോദര്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഒരു മുന്‍നിര ആഗോള മാതൃകയാണ് ബഹ്റൈനെന്ന് മന്ത്രി പറഞ്ഞു.
ഏകീകൃത സമൂഹത്തിനുള്ളില്‍ സഹവര്ത്തിത്വത്തേിനും മതപരവും സാംസ്കാരികവുമായ വൈവിധ്യത്തോടുള്ള ബഹുമാനത്തിനും ബഹ്റൈന്‍ ദീര്‍ഘകാല പ്രതിബദ്ധതയുണ്ട്. സുരക്ഷ, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി വിവിധ മതങ്ങളുടെയും വിഭാഗങ്ങളുടെയും വിശ്വാസങ്ങളുടെയും ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ അന്തരീക്ഷം. 200 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ ഹിന്ദു ക്ഷേത്രം മനാമയുടെ മദ്ധ്യഭാഗത്തുണ്ട്. ഈ മൂല്യങ്ങള്‍ ബഹ്റൈന്‍ സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
