
മനാമ: സ്തനാര്‍ബുദത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ബഹ്റൈന്‍ ജി.ഒ.പി.ഐ.ഒ. (ഗ്ലോബല്‍ ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ ഓഫ്
ഇന്ത്യന്‍ ഒറിജിന്‍) വിനോദം സമന്വയിപ്പിച്ചുകൊണ്ട് ബോധവല്കരണ പരിപാടി നടത്തി.
അമേരിക്കന്‍ മിഷന് ഹോസ്പിറ്റലുമായി സഹകരിച്ച് ഔറ ആര്‍ട്സ് സെന്ററില്‍ നടത്തിയ പരിപാടി വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. സ്തനാര്‍ബുദം, മാനസികാരോഗ്യം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനൊപ്പം ജീവിതം ആഘോഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങില്‍ കാന്‍സര്‍ വിരുദ്ധ പോരാളി ഭാരതി രാകേഷ് വിശിഷ്ടാതിഥിയായിരുന്നു.
മുതിര്‍ന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഭാനു വാസുദേവന്‍ സ്തനാര്‍ബുദ അവബോധത്തെക്കുറിച്ചുള്ള സെഷനുകള്‍ക്ക് നേതൃത്വം നല്കി. ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ ഹെല്‍ത്ത് കൗണ്‍സില്‍ മേധാവി ഡോ. അനീന മറിയം വര്‍ഗീസ് ഹോമിയോപ്പതിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മാനസികാരോഗ്യ അവബോധ സെഷന് മാനസികാരോഗ്യ കൗണ്‍സിലര്‍ സ്വാതി സ്നാപ്പ് നേതൃത്വം നല്കി. ഔറ ആര്‍ട്സിലെ കൃഷ്ണപ്രിയ നടത്തിയ സുംബ സെഷന് അന്തരീക്ഷത്തിന് ഊര്‍ജം പകര്‍ന്നു. വൈകുന്നേരത്തെ അവബോധ പരിപാടിക്ക് ടോസ്റ്റ്മാസ്റ്റര്‍ ശ്രീമതി ഫരീദ് നേതൃത്വം നല്കി.
വിവിധ ജി.ഒ.പി.ഐ.ഒ. കൗണ്‍സിലുകളെ ഏകോപിപ്പിച്ച് ചെറുകിട ബിസിനസുകാര്‍ക്ക് വേദിയൊരുക്കിയ മിനി മേള ശ്രദ്ധേയമായി. ജി.ഒ.പി.ഐ.ഒ. ബഹ്റൈന്‍ പ്രസിഡന്റ് ടിന മാത്യു മേളയെക്കുറിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് സാമുവല്‍ പോളും ചടങ്ങില്‍ സംസാരിച്ചു.
അമേരിക്കന്‍ മിഷന് ഹോസ്പിറ്റലില്‍നിന്നുള്ള വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ സൗജന്യ സ്തനാര്‍ബുദ പരിശോധനയും നടന്നു. പരിശോധനയ്ക്കെത്തിയവര്‍ക്ക് അല്‍ ജുവാനില്‍നിന്ന് സമ്മാനങ്ങളും സാജ സലൂണില്‍നിന്ന് കാഷ് വൗച്ചറുകളും ലഭിച്ചു.
