
മനാമ: വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിന്റെ ഉദ്ഘാടന മത്സരം ബുധനാഴ്ച ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ചു.
സൗദി ഓട്ടോമൊബൈല്‍ ആന്റ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്റെ (എസ്.എ.എം.എഫ്) മേല്‍നോട്ടത്തില്‍ അല്തവക്കല്ത്ത് മോട്ടോര്‍സ്പോര്‍ട്ട് പിന്തുണയോടെ നടന്ന മത്സരത്തില്‍ 14 പുരുഷ-വനിതാ ഡ്രൈവര്‍മാര്‍ പങ്കെടുത്തു.
ചെക്കേര്‍ഡ് ഫ്ളാഗില്‍, എമിറാത്തി ഡ്രൈവര്‍ ആദം അല്‍ അസ്ഹാരി (വാല്‍വോലിന്‍) ആധിപത്യ വിജയം നേടി. സ്വീഡിഷ് ഡ്രൈവര്‍ സ്കോട്ട് കിന് ലിന്‍ഡ്ബ്ലോം (റെഡ് ബുള്‍) രണ്ടാം സ്ഥാനത്തും ബ്രിട്ടീഷ് ഡ്രൈവര്‍ കിറ്റ് ബെലോഫ്സ്കി (പിയാക്സ്) മൂന്നാം സ്ഥാനത്തുമെത്തി. ബെലോഫ്സ്കി മികച്ച റൂക്കി ഡ്രൈവര്‍ക്കുള്ള അവാര്‍ഡും നേടി. അമേരിക്കന്‍ ഡ്രൈവര്‍ അവാ ഡോബ്സണ്‍ (പിയാക്സ്) മികച്ച വനിതാ ഡ്രൈവറായി.
ഏഴാം ലാപ്പില്‍ സ്വിസ് ഡ്രൈവര്‍ ചിയാര ബാറ്റിഗും (റെഡ് ബുള്‍) ബ്രിട്ടീഷ് ഡ്രൈവര്‍ മേഗന് ബ്രൂസും (കരാഗി) തമ്മില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് സേഫ്റ്റി കാര്‍ ഓട്ടം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, ശക്തമായ പ്രകടനത്തിലൂടെ ജര്‍മ്മന്‍ പുതുമുഖം എസ്മി കുസ്റ്റര്മാന് ഗ്രിഡില്‍ 12ാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തെത്തി.
