
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ വിശദീകരണ യോഗവുമായി സിപിഎം. ഷാഫി പറമ്പില്‍ എംപിക്കെതിരെ യോഗത്തിൽ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലമാണെന്നും ഇപി ജയരാജൻ വിമർശിച്ചു. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പറഞ്ഞ ഇപി ജയരാജൻ, ലത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ചോദിച്ചു.
ഷാഫി പറമ്പിലിന് പരിക്ക് പറ്റിയതില്‍ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും വിമര്‍ശിച്ചു. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകി. പൊലീസിന് നേരെ സ്ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഷാഫിയെ വിമർശിച്ച ടിപി രാമകൃഷ്ണൻ റൂറൽ എസ്പിക്ക് നേരെയും പരോക്ഷ വിമർശനം ഉന്നയിച്ചു.
