
മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) ആശുപത്രിയില്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസ് സ്ഥാപിച്ച അത്യാധുനിക ന്യൂറോ സയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
ബഹ്റൈന്റെ സാമ്പത്തിക ദര്‍ശനം 2030ന് അനുസൃതമായി ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനുള്ള രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ പുതിയ കേന്ദ്രം പ്രതിഫലിപ്പിക്കുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പറഞ്ഞു.
പാര്‍ക്കിന്‍സണ്‍സ് രോഗം, അപസ്മാരം എന്നിവയുടെ ചികിത്സ, ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനം, സങ്കീര്‍ണ്ണമായ ന്യൂറോ സര്‍ജറികള്‍ തുടങ്ങിയവയ്ക്ക് വിപുലമായ ഇമേജിംഗ് സംവിധാനങ്ങളുടെ പിന്തുണയോടെ സമഗ്രമായ സേവനങ്ങള്‍ ഈ കേന്ദ്രം നല്കുന്നു. വ്യക്തിഗത ചികിത്സാ പദ്ധതികളും കുടുംബ പിന്തുണാ പരിപാടികളുമുള്ള പീഡിയാട്രിക് യൂണിറ്റുകളും ഇതിലുള്‍പ്പെടുന്നു.
