
ന്യൂയോര്‍ക്ക്: ബഹ്റൈന്‍, സൗദി അറേബ്യ, ഇറാഖ് എന്നിവയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടുന്ന അറബ് ട്രോയിക്ക യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടന്ന യു.എന്‍. പൊതുസഭയുടെ 80ാമത് സെഷനോടനുബന്ധിച്ചാണ് യോഗം നടന്നത്.
സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ് രാജകുമാരന്, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈന്, അറബ് രാഷ്ട്രങ്ങളുടെ ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂല്‍ ഗൈത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൊറിയയുടെ വിദേശകാര്യ മന്ത്രി ചോ തെ-യുള്‍ ആണ് സുരക്ഷാ കൗണ്‍സില്‍ പക്ഷത്തെ നയിച്ചത്.
ഏകീകൃത അറബ് ചട്ടക്കൂട് എന്ന നിലയില്‍ ലീഗ് ഓഫ് അറബ് നാഷന്‍സിന്റെ പങ്ക് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ സംയുക്ത അറബ് ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ ഉറച്ച പിന്തുണ സയാനി യോഗത്തില്‍ ആവര്‍ത്തിച്ചു. അറബ് മേഖലയില്‍ വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ഈ യോഗം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീന് ജനതയുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഒരു രാഷ്ട്രീയ പരിഹാരവും സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കലും പ്രധാനമാണെന്നും സയാനി പറഞ്ഞു.
ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി ജമാല്‍ ഫാരിസ് അല്‍ റുവൈ, വിദേശകാര്യ മന്ത്രാലയത്തിലെ ഉഭയകക്ഷി ബന്ധങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ ഖലീഫ എന്നിവരും പങ്കെടുത്തു.
