
മനാമ: തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ബഹ്റൈനി വനിതയെ റിമാന്‍ഡ് ചെയ്തു.
ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന് തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വനിതാ ജോലി അപേക്ഷകരെയും സ്ഥാനക്കയറ്റം തേടുന്നവരെയും ഉപദ്രവിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പെണ്‍കുട്ടി തന്നെ ബന്ധപ്പെട്ടതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയെക്കുറിച്ച് സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കേസിന് തുടക്കമെന്ന് സൈബര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി പറഞ്ഞു.
വസ്തുതകള്‍ കണ്ടെത്താന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണമാരംഭിച്ചു. ചോദ്യം ചെയ്തപ്പോള്‍, ഒരു അജ്ഞാത പെണ്‍കുട്ടിയാണ് തന്നോട് ഈ കഥ പറഞ്ഞതെന്ന് സ്ത്രീ ആദ്യം പറഞ്ഞു. എന്നാല്‍ പിന്നീട് ഈ കാര്യത്തെക്കുറിച്ച് അറിവുള്ള ഒരു ജീവനക്കാരിക്ക് ഇതേ അനുഭവമുണ്ടായതായി മൊഴി മാറ്റി.
ജീവനക്കാരിയെ വിളിച്ചുവരുത്തിയപ്പോള്‍ അവര്‍ ആരോപണം നിഷേധിച്ചു. പ്രതിക്ക് വ്യക്തിപരമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ജീവനക്കാരി പറഞ്ഞു. ആരോപണം തെറ്റാണെന്നും വീഡിയോയുടെ ഉള്ളടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം തകര്‍ക്കാന്‍ ഉദ്ദേശിച്ചാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കഥ കെട്ടിച്ചമച്ചതാണെന്ന് പ്രതി സമ്മതിച്ചു.
അതനുസരിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തതിനും കേസെടുത്ത് അന്വേഷണം തുടരാനും പ്രതിയെ തടങ്കലില്‍ വെക്കാനും പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിടുകയായിരുന്നു.
