
തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെട്ട് എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനവുമെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഞങ്ങളുടേത് രാഷ്ട്രീയ തീരുമാനമാണ്. സർക്കാരിനോട് 3 പ്രധാന ചോദ്യങ്ങളുന്നയിച്ചു. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂല സത്യവാങ്മൂലം നൽകിയത് തിരുത്താൻ സർക്കാർ തയ്യാറാകുമോ എന്നതാണ് ആദ്യ ചോദ്യം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസ് പ്രവർത്തകർക്കെതിരെ അടക്കം എടുത്ത കേസ് പിൻവലിക്കാൻ തയ്യാറാണോ എന്നതാണ് രണ്ടാമത്തെ ചോദ്യം. ഭരണത്തിന്റെ 10 -ാ ംവർഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല മാസ്റ്റർ പ്ലാൻ സിപിഎമ്മിന്റെ കപടഭക്തിയുടെ ഭാഗമല്ലേ എന്നതാണ് സതീശൻ ചോദിച്ചു. സിപിഎം എന്ന കപട ഭക്തി പരിവേഷക്കരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുമെന്നും സതീശൻ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഘമ വേദിയിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ആവേശഭരിതരായവരാണ് സിപിഎമ്മുകാരും ദേവസ്യം മന്ത്രി വാസവനും. ഇത് കേട്ട് ബിജെപിക്കാർ കോരിത്തരിച്ചു. ഇത് കേരളത്തിന് നൽകുന്ന സന്ദേശം എന്താണ് ? ബിജെപിക്കും വർഗീയ ശക്തികൾക്കും കേരളത്തിൽ ഇടം നൽകുകയാണ് സിപിഎം ചെയ്യുന്നത്. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ കൂട്ടാണെന്നും ജനങ്ങളുടെ മുന്നിൽ ഇത് തുറന്നുകാട്ടുമെന്നും സതീശൻ പറഞ്ഞു.
എൻഎസ്എസുമായോ എസ്എൻഡിപിയുമായോ യുഡിഎഫിന് തർക്കമില്ല. അവരുമായി നല്ല ബന്ധത്തിലാണ് നിലവിൽ മുന്നോട്ട് പോകുന്നത്. സമദൂരമാണ് എൻഎസ്എസ് നിലപാട്. അത് തുടരുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വർഗീയ വാദികളെ എൻഎസ് എസ് ആസ്ഥാനത്ത് കയറ്റാത്ത നിലപാടാണ് എൻ എസ് എസ് നേരത്തെയും സ്വീകരിച്ചത്. അതിൽ നിന്നും അദ്ദേഹം പിന്നോട്ട് പോയിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ലീഗ് യുഡിഎഫിനെ നയിക്കുന്നുവെന്ന ചോദ്യം സതീശൻ പരിഹസിച്ച് തള്ളി. സിപിഎം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നുവെന്ന് സതീശൻ ചോദിച്ചു. എൽഡിഎഫിലേക്ക് വരാനായി ലീഗ് മതേതര പാർട്ടി ആണെന്ന് എത്ര തവണ സിപിഎം പറഞ്ഞു.. ലീഗിന്റെ മതേതര നിലപാടിന് എതിരായി നിന്നവരാണ് ഐഎൻ എൽ. ഐ എൻ എല്ലിനെ കക്ഷത്ത് വച്ചിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഞങ്ങളെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വേറെ പണി നോക്കിയാൽ മതിയെന്നും സതീശൻ പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ പ്രീണനവും തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷ പ്രീണനവും ആണ് സിപിഎമ്മിന്. യുഡിഎഫിന് ഒറ്റ നിലപാടെ ഉള്ളൂ അത് വർഗീയതക്കെതിരെയുള്ളതാണെന്നും സതീശൻ വ്യക്തമാക്കി.
