
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകൻ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന് അധിക്ഷേ പരാമർശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്റെ അറസ്റ്റ്. കെ ജെ ഷൈനിന്റെ പേര് പറഞ്ഞ് ഷാജഹാൻ വീണ്ടും അധിക്ഷേ പരാമർശം നടത്തിയിരുന്നു. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. ഷാജഹാനുമായി സൈബർ പൊലീസ് കൊച്ചിക്ക് പോയി. വൈദ്യപരിശോധനയടക്കമുള്ള നടപടികൾ കൊച്ചിയിലെത്തിയശേഷമായിരിക്കും.
കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ ജെ ഷൈനിന്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഷാജഹാൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നത്.
