
ദില്ലി: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗൺസിൽ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിർപ്പ് മിനിട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങൾ ആണ് എതിർപ്പ് അറിയിച്ചത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇളവ് നൽകിയുള്ള തീരുമാനം ഐക്യകണ്ഠേന എടുത്തത് എന്ന് ഡി. രാജ പ്രതികരിച്ചു. പാർട്ടിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യരുതെന്നും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡി രാജ പറഞ്ഞു. എന്നാൽ കേരള ഘടകം എതിർപ്പ് ഉയർത്തി എന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ രാജ അവരോട് തന്നെ പോയി ചോദിക്കൂ എന്നാണ് മറുപടി നൽകിയത്. പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. 31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. കെ പി രാജേന്ദ്രൻ നിർവാഹക സമിതിയിൽ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്സിക്യൂട്ടിവ്, 136 അംഗ കൗൺസിൽ എന്നിവ നിലവിൽ വന്നു.
