
മനാമ: ബഹ്റൈനില്‍ ഗവണ്മെന്റ് എംപ്ലോയീസ് ആപ്പില്‍ പുതിയ അപ്ഡേറ്റ് ആരംഭിച്ചു.
സിവില്‍ സര്‍വീസ് ബ്യൂറോയും ഇ-ഗവണ്മെന്റ് അതോറിറ്റിയും സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടന വിലയിരുത്തല്‍ ഫലങ്ങള്‍ ആപ്പ് വഴി കാണാന്‍ ജീവനക്കാര്‍ക്ക് ഇനി സാധിക്കും.
കൂടാതെ വൈകി ജോലിക്കെത്തുന്നതിനും നേരത്തെ പോകുന്നതിനുമുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ജീവനക്കാര്‍ക്കും ജീവനക്കാരല്ലാത്തവര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് റിപ്പോര്‍ട്ടിംഗ് സംവിധാനവും ഇതിലുണ്ട്.
സുതാര്യത വര്‍ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കാനും ആവശ്യമുള്ള ഡാറ്റയിലേക്ക് പ്രവേശനം എളുപ്പമാക്കാനും ലക്ഷമിട്ടുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സേവനങ്ങള്‍ ഉള്പ്പെടുത്തിയതന്നും ബ്യൂറോ വ്യക്തമാക്കി.
