
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മോട്ടോര്‍സ്പോര്‍ട്ടിന്റെ ആസ്ഥാനമായ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ (ബി.ഐ.സി) ട്രാക്ക് ഇവന്റുകള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ബി.ഐ.സി. ബഹ്റൈന്‍ മോട്ടോര്‍ ഫെഡറേഷനുമായി (ബി.എം.എഫ്) സഹകരിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ ‘സ്വകാര്യ പ്രാക്ടീസ് സേവനങ്ങള്‍’ വിഭാഗവുമായി കരാര്‍ ഒപ്പുവെച്ചു.
സാഖിറിലെ ബി.ഐ.സി. പരിസരത്ത് നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബി.ഐ.സി. ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഇസ അല്‍ ഖലീഫയും ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് വകുപ്പ് സി.ഇ.ഒ. ഡോ. മറിയം അദ്ബി അല്‍ ജലഹമയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
കതരാറനുസരിച്ച് സര്‍ക്യൂട്ടിലെ അന്താരാഷ്ട്ര, പ്രാദേശിക ട്രാക്ക് ഇവന്റുകളില്‍ ആവശ്യമായ മെഡിക്കല്‍ ജീവനക്കാരെയും സേവനങ്ങളും സര്‍ക്കാര്‍ ആശുപത്രി വകുപ്പ് നല്‍കും.
ബി.ഐ.സിയില്‍ വൈദ്യസഹായത്തിനായി ഈ കരാറുണ്ടാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഷെയ്ഖ് സല്മാന് പറഞ്ഞു. സര്‍ക്യൂട്ടിലെ എല്ലാ റേസിംഗ് ഇവന്റുകളിലും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയും ആരോഗ്യസംരക്ഷണവും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സഹകരണത്തില്‍ ഡോ. അല്‍ ജലഹ്മ അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടുമായുള്ള പങ്കാളിത്തം, രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടികളെ പിന്തുണയ്ക്കുന്നതില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ദേശീയ പങ്കിനെ പ്രതിഫലിപ്പിക്കുന്നതായും അവര്‍ പറഞ്ഞു.
