
മനാമ: ബഹ്റൈന്‍ പ്രതിനിധി സഭയുടെ വെബ്സൈറ്റിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച പുതിയ വിഭാഗം പ്രതിനിധി സഭയുടെ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമും പാകിസ്ഥാന് നാഷണല്‍ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ സംയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ‘ഹരിത പാര്‍ലമെന്റ്’ സംരംഭത്തിനും പ്രതീകാത്മകമായി സ്പീക്കര്‍മാര്‍ കൗണ്‍സിലിന്റെ അങ്കണത്തില്‍ ഒരു മരം നട്ടു.
2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പിന്തുണച്ച് 2035ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുക, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബഹ്റൈന്റെ വിശാലമായ വനവല്‍ക്കരണ നീക്കത്തിന്റെ ഭാഗമാണ് ഈ സംരംഭം.
