
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് വിസ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആഗോള പ്രതിഭകളെ യുകെയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പദ്ധതിയിടുന്നതായി വിവരം. ഉന്നത ഉദ്യോഗസ്ഥ തലത്തില്‍, സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ യുകെ വിസ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണ നടപടി വിജയമാക്കി മാറ്റാന്‍ അവര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
‘ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയുടെ ഭാഗമായി, കുടിയേറ്റ തൊഴിലാളികളെ യുഎസില്‍ നിന്ന് പുറത്താക്കുകയും വിദേശികളുടെ തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് ചെയ്യുന്നത്. അതേസമയം, ലോകമെമ്പാടുമുള്ള മികച്ച ശാസ്ത്രജ്ഞരെയും അക്കാദമിക് വിദഗ്ധരെയും ഡിജിറ്റല്‍ വിദഗ്ധരെയും യുകെയിലേക്ക് ആകര്‍ഷിക്കാനുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ് സ്റ്റാര്‍മര്‍’ .
സമീപ മാസങ്ങളില്‍, ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും യുഎസില്‍ തീവ്ര വലതുപക്ഷവാദം ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും അമേരിക്ക വിട്ട് കാനഡ, ചൈന തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ഇത് കാരണമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ട ഒരു ‘സെല്‍ഫ് ഗോള്‍’ ആണ് എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സെപ്റ്റംബര്‍ 19 വെള്ളിയാഴ്ചയാണ് ട്രംപ് എച്ച്-1ബി വിസയുടെ വാര്‍ഷിക ഫീസ് 88 ലക്ഷത്തോളം രൂപയായി (100,000 ഡോളര്‍) ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചത്. ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളില്‍നിന്നുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന പ്രോഗ്രമാണിത്. ഇനിമുതല്‍, നിലവിലുള്ള ഫീസുകള്‍ക്കും ശമ്പളത്തിനും പുറമെ ഓരോ വിസ അപേക്ഷയ്ക്കും തൊഴിലുടമകള്‍ക്ക് വര്‍ഷം 88,09,180 രൂപ അധികമായി ചെലവാകും. ഈ മാസം 21 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നത്.
ഈ സാഹചര്യത്തെ കൃത്യമായി മുതലാക്കാനുള്ള പദ്ധതികള്‍ ചൈന അടക്കമുള്ള രാജ്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുകെയും അതേപാതയില്‍ മുന്നോട്ടുപോകുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. സ്റ്റാര്‍മറിന്റെ ബിസിനസ് ഉപദേഷ്ടാവായ വരുണ്‍ ചന്ദ്രയും ശാസ്ത്ര മന്ത്രിയായ ലോര്‍ഡ് പാട്രിക് വാലന്‍സും അധ്യക്ഷരായ ‘ഗ്ലോബല്‍ ടാലന്റ് ടാസ്ക് ഫോഴ്സ്’ ആണ് ഈ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ഉയര്‍ന്ന തലത്തിലുള്ള പ്രൊഫഷണലുകള്‍ക്കുള്ള വിസ ചാര്‍ജുകള്‍ ഒഴിവാക്കുക എന്നതാണ് സ്റ്റാര്‍മറിന്റെ ടാസ്ക് ഫോഴ്സ് ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന നിര്‍ദ്ദേശം. ‘ലോകത്തിലെ മികച്ച അഞ്ച് സര്‍വകലാശാലകളില്‍ പഠിച്ചവരോ അഭിമാനകരമായ പുരസ്കാരങ്ങള്‍ നേടിയവരോ ആയ ആളുകളെക്കുറിച്ചാണ് നമ്മള് സംസാരിക്കുന്നത്. ചെലവ് പൂജ്യമായി കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശയം ഞങ്ങള്‍ പരിഗണിക്കുകയാണ്.’ ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതിക കമ്പനികള്‍ വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ യുഎസിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന എച്ച്-1ബി വിസയുടെ അപേക്ഷാ ഫീസ് ഉയര്‍ത്താനുള്ള ട്രംപിന്റെ തീരുമാനത്തിന് തികച്ചും വിപരീതമായിരിക്കും ഈ തീരുമാനം. ‘ഇത്തരമൊരു നിര്‍ദ്ദേശം കുറച്ചുകാലമായി നിലവിലുണ്ടായിരുന്നു. നവംബര്‍ 26-ലെ ബജറ്റിന് മുന്നോടിയായി, എല്ലാ മേഖലകളിലെയും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി, യുകെയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള വിസ സംവിധാനം പരിഷ്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രംപിന്റെ തീരുമാനം വലിയൊരു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു.
യുകെയിലെ നിലവിലെ വിസ സംവിധാനത്തെ ഒരു ‘ഉദ്യോഗസ്ഥ ദുഃസ്വപ്നം’ എന്നാണ് ഔദ്യോഗികവൃത്തങ്ങളില്‍ ഉള്ളവര്‍ തന്നെ വിശേഷിപ്പിക്കുന്നത്. നിലവാരം കുറയ്ക്കുന്നതിനല്ല, മറിച്ച് ‘ഏറ്റവും മികച്ചവരെയും മിടുക്കരെയും ബ്രിട്ടനിലേക്ക് എത്തിക്കുന്നതിനാണ്’ പുതിയ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളില്‍ ഐക്യമുണ്ട് എന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.
