
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയോടനുബന്ധിച്ച് നടന്ന ജി.സി.സി. മന്ത്രിതല കൗണ്‍സിലിന്റെ ഏകോപന യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.
കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല കൗണ്‍സിലിന്റെ നിലവിലെ സെഷന്റെ ചെയര്‍മാനുമായ അബ്ദുല്ല അലി അല്‍ യഹ്യ യോഗത്തില്‍ അദ്ധ്യക്ഷനായി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.
അജണ്ടയിലെ വിഷയങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു. നിരവധി സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യോഗങ്ങള്‍, 80ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത ഏകോപനത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവൈ, രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഖാലിദ് യൂസഫ് അല്‍ജലാഹമ എന്നിവരും പങ്കെടുത്തു.
