
ഗാസ: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിട്ടുണ്ട്. ജൂത സെറ്റിൽമെന്റുകൾ വർധിപ്പിക്കുന്നത് തുടരുമെന്നും. ഒക്ടോബർ 7 ഭീകരക്രമണത്തിന് സമ്മാനം നൽകുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. യുകെയും ഓസ്ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടൻ. സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ബ്രിട്ടന്റെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസ് തയ്യാറാകണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള സാധ്യതകൾ അവസാനിച്ചിട്ടില്ലെന്നുമാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ബ്രിട്ടന്റെ പ്രതികരണം. എന്നാൽ ഭീകരവാദികളായ ഹമാസിനുള്ള അംഗീകാരം മാത്രമാണ് നടപടിയെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി പ്രതികരിച്ചത്. അതേസമയം ബന്ദികളാക്കപ്പെട്ടവരുടെ മോചനം കൂടുതൽ സങ്കീർണമാക്കുന്നതാണ് തീരുമാനമെന്നാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടവുടെ കുടുംബങ്ങൾ തുറന്ന കത്തിൽ ബ്രിട്ടൻ പ്രധാനമന്ത്രിയോട് വിശദമാക്കിയത്.
