
ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് നല്ല തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 31 റണ്‍സുമായി സാഹിബ്സാദ ഫര്‍ഹാനും 9 പന്തില്‍ 11 റണ്‍സോടെ സയീം അയൂബും ക്രീസില്‍. 9 പന്തില്‍ 5 റണ്‍സെടുത്ത ഫഖര്‍ സമന്റെ വിക്കറ്റാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു മനോഹരമായി കൈയിലൊതുക്കുകയായിരുന്നു.
ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിന് അയച്ച ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയത്. പാണ്ഡ്യ എറിഞ്ഞ പാക് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സാഹിബ്സാദ ഫര്ഹാൻ നല്കിയ ക്യാച്ച് തേര്‍ഡ്മാനില്‍ അഭിഷേക് ശര്‍മ കൈവിട്ടു. പിന്നലെ ആദ്യ വറില് ആറ് റണ്‍സെടുത്ത പാകിസ്ഥാന് രണ്ടാം ഓവറില്‍ ജസ്പ്രീത് ബുമ്രയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ബുമ്ര എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 11 റണ്‍സടിച്ച ഫഖര്‍ സമന് പാകിസ്ഥാന് നല്ല തുടക്കം നല്കി. മൂന്നാം ഓവറിലെ ആദ്യ പന്തിലും ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ ഫഖര്‍ ബൗണ്ടറി നേടി ഭീഷണി ഉയര്‍ത്തിയെങ്കിലും അടുത്ത പന്തില്‍ ഫഖറിനെ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ച് പാണ്ഡ്യ പകരം വീട്ടി. പാണ്ഡ്യയുടെ സ്ലോ ബോളില്‍ എഡ്ജ് ചെയ്ത ഫഖറിനെ സഞ്ജു പന്ത് നിലത്ത് തൊടും മുമ്പ് ഗ്ലൗസിലൊതുക്കി.
റീപ്ലേ പരിശോധിച്ചശേഷമാണ് അമ്പയര്‍ ഫഖറിനെ ഔട്ട് വിധിച്ചത്. വിക്കറ്റ് നഷ്ടമായെങ്കിലും പാണ്ഡ്യയുടെ ഓവറില്‍ 9 റണ്‍സടിച്ച പാകിസ്ഥാന് ജസ്പ്രീത് ബുമ്ര എറിഞ്ഞ പവര്‍പ്ലേയിലെ നാലാം ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സ് കൂടി നേടി. അഭിഷേക് തുടക്കത്തില്‍ കൈവിട്ട ഷാഹിബ്സാദ ഫര്‍ഹാനാണ് ബുമ്രയെ രണ്ട് തവണ ബൗണ്ടറി കടത്തിയത്. ആദ്യ രണ്ടോവറില്‍ ബുമ്ര 21 റണ്‍സ് വഴങ്ങി നിറം മങ്ങിയപ്പോള്‍ അഞ്ചാം ഓവറില്‍ തന്നെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വരുണ്‍ ചക്രവര്‍ത്തിയെ പന്തേല്‍പ്പിച്ചു. വരുണിന്റെ പന്തില്‍ സാഹിബ്സാദ ഫര്ഹാന് നല്കിയ അനായാസ ക്യാച്ച് ഷോര്‍ട്ട് ഫൈൻ ലെഗ്ഗില്‍ കുല്‍ദീപ് യാദവ് നിലത്തിട്ടു. പിന്നാലെ വരുണിനെ ബൗണ്ടറി കടത്തിയ സാഹിബ്സാദ പാകിസ്ഥാനെ അഞ്ചോവറില്‍ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ബുമ്രക്കെതിരെ രണ്ട് ബൗണ്ടറി അടക്കം 13 റണ്‍സടിച്ച പാകിസ്ഥാന് 50 കടന്നു. പവര്‍പ്ലേയില്‍ 3 ഓവര്‍ എറിഞ്ഞ ബുമ്ര 34 റണ്‍സ് വഴങ്ങി.
പാകിസ്ഥാന് പ്ലേയിംഗ് ഇലവന്: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, ഫഖർ സമാൻ, സൽമാൻ ആഘ(ക്യാപ്റ്റൻ), ഹുസൈൻ തലാത്ത്, മുഹമ്മദ് ഹാരിസ്(പ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ , ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
