
മനാമ: ബഹ്റൈനില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനെയും (എസ്.ഐ.ഒ) ലേബര്‍ ഫണ്ടിനെയും (തംകീന്‍) പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ 10 ബഹ്റൈനികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു. ഇതില്‍ നാലു പേര് സഹോദരങ്ങളാണ്.
വ്യാജരേഖ ചമച്ച് എസ്.ഐ.ഒയില്‍നിന്ന് 90,000 ദിനാറും തംകീനില്‍നിന്ന് 1,40,000 ദിനാറുമാണ് ഇവര്‍ കൈക്കലാക്കിയത്. വ്യാജ തൊഴില്‍ കരാറുകള്‍ സമര്‍പ്പിച്ച കമ്പനി ഉടമകളായ സഹോദരന്മാരാണ് രണ്ടു പ്രാന പ്രതികള്‍. സാമൂഹ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നേടാനാണ് ഇവര്‍ വ്യാജരേഖകള്‍ ചമച്ചത്.
തട്ടിപ്പിന് നേതൃത്വം നല്കിയ രണ്ടു സഹോദരങ്ങള്‍ക്ക് 10 വര്‍ഷം വീതം തടവും ഒരു ലക്ഷം ദിനാര്‍ വീതം പിഴയുമാണ് വിധിച്ചത്. ഇവരെ സഹായിച്ച മറ്റ് എട്ടു പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം തടവും 500 ദിനാര്‍ വീതം പിഴയും വിധിച്ചു. പ്രതികളുടെ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.
