
ദില്ലി: പാകിസ്ഥാനും സൗദി അറേബ്യയ്ക്കും ഇടയിൽ ഒപ്പു വച്ച തന്ത്രപ്രധാന സൈനിക സഹകരണ കരാറിനോട് പ്രതികരിച്ച് ഇന്ത്യ. കരാർ മേഖലയുടെ സ്ഥിരതയ്ക്കും രാജ്യ സുരക്ഷയ്ക്കും എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് പഠിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനും സൗദി അറേബ്യക്കുമിടയിൽ ഏറെ നാളായി ഇക്കാര്യത്തിലെ ചർച്ച നടക്കുന്നത് അറിയാമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയുടെ ദേശീയ താല്പര്യവും എല്ലാ മേഖലയിലെയും സമഗ്ര സുരക്ഷയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്നും കമ്മീഷൻ പ്രതികരിച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന് എതിരായ ആക്രമണം രണ്ടു രാജ്യങ്ങൾക്കും എതിരായ നീക്കമായി കാണും എന്നാണ് കരാറിലുള്ളതെന്ന് പാകിസ്ഥാൻ വിശദീകരിച്ചിരുന്നു. ഹമാസിനെതിരായി ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിനു ശേഷമാണ് സൗദിയും പാകിസ്ഥാനും കരാർ ഒപ്പുവയ്ക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമാണ് കരാർ ഒപ്പുവച്ചത്. ഇന്ത്യയുമായുളള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി അറേബ്യ പ്രതികരിച്ചു.
സൗദിയുമായുള്ള കരാർ ഇന്ത്യയ്ക്ക് എതിരായ വലിയ നയതന്ത്ര വിജയമായി പാകിസ്ഥാൻ കണക്കാക്കുമ്പോൾ സ്ഥിതിഗതികൾ ഇന്ത്യയും സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ട്. നാറ്റോ ശൈലിയിലുള്ള പ്രതിരാധ കരാറാണിത്. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പതിറ്റാണ്ടുകളായി അനൗപചാരികമായി പ്രതിരോധ സഹകരണമുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ഔപചാരികമാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.
