
ദില്ലി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി. ആരോപണങ്ങളിൽ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് രംഗത്ത് വന്നത്. തുടർച്ചയായ പരാജയം മൂലം കോൺഗ്രസിൻ്റെ നിരാശ നിരന്തരം വർധിക്കുകയാണെന്നും അതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടും പെഗാസസുമായി ബന്ധപ്പെട്ടും അടക്കം രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതാണ്. പലപ്പോഴും അദ്ദേഹം കോടതിയിൽ മാപ്പ് പറഞ്ഞു. ഇന്നുന്നയിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈനായി വോട്ട് വെട്ടിക്കളയാൻ സാധിക്കില്ല എന്നത് വസ്തുതയാണ്. 2023 ലെ സംഭവത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതാണ്. കർണാടക പോലീസ് ഇതിൽ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്തത് കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകാത്തത്? എന്തുകൊണ്ട് അദ്ദേഹം കോടതിയിൽ പോകുന്നില്ല? രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത് അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയുള്ളതാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിൻ്റെയും നയം. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ടൂൾ കിറ്റ് ഗ്യാംഗിനൊപ്പമാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
