
അമ്മാന്: ജോര്‍ദാനിലെ സെനറ്റും പ്രതിനിധിസഭയും ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. പ്രാദേശിക, അന്തര്‍ദേശീയ നിയമനിര്‍മ്മാണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, വൈദഗ്ദ്ധ്യം കൈമാറുക, മികച്ച പാര്‍ലമെന്ററി രീതികള്‍ അവലോകനം ചെയ്യുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ശൂറ കൗണ്‍സിലിലെ സെഷന് അഫയേഴ്സ് ഡയറക്ടര്‍ അബ്ദുറഹിം ബുച്ചിരി നയിക്കുന്ന പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. ഹൈതം അല്‍ സറൈറയുടെയും ഉപദേഷ്ടാവ് ഡോ. ദീമ അബു തലേബിന്റെയും സാന്നിധ്യത്തില്‍ ജോര്‍ദാനിയന്‍ സെനറ്റ് സെക്രട്ടറി ജനറല്‍ അബ്ദുറഹിം അല്‍ വാകിദ് സ്വീകരിച്ചു. ജോര്‍ദാന്റെ നിയമനിര്‍മ്മാണ രംഗത്തിന്റെ വികസനം, നിയമനിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും സെനറ്റിന്റെ പ്രവര്‍ത്തനം, സഹകരണത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
ശൂറ കൗണ്‍സില്‍ പ്രതിനിധി സംഘത്തില്‍ കമ്മിറ്റി അഫയേഴ്സ് സൂപ്പര്‍വൈസര്‍മാരായ ജവാദ് മഹ്ഫൂദ്, അലി അല്‍ ഖത്താന്‍, ഹ്യൂമന്‍ റിസോഴ്സ് സൂപ്പര്‍വൈസര്‍ ഖാലിദ് അഹമ്മദ്, കോ- ഓര്‍ഡിനേഷന്‍ ആന്റ് ഫോളോ അപ്പ് സൂപ്പര്‍വൈസര്‍ ഇമാന് അല്‍ ഹഫീസ്, മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍സ് സൂപ്പര്‍വൈസര്‍ ഫാത്തിമ അല്‍ ഫദ്ല, പബ്ലിക് റിലേഷന്‍സ് സ്പെഷ്യലിസ്റ്റ് ഷൊറൂഖ് അല്‍ ഷൊറോഖി, അക്കൗണ്ടന്റ് അലി അല്‍ മെയില്‍ എന്നിവരുമുണ്ടായിരുന്നു.
