
മനാമ: അറബ് ഷിപ്പ് ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ യാര്‍ഡ് കമ്പനിയുടെ (അസ്രി) സൗരോര്‍ജ്ജ പദ്ധതി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും ബാപ്കോ എനര്‍ജീസിന്റെ ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
പുരോഗതിയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തെ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കപ്പല്‍ അറ്റകുറ്റപ്പണി, കപ്പല്‍ നിര്‍മ്മാണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഈ സൗരോര്‍ജ്ജ പദ്ധതി കനൂ ക്ലീന്‍മാക്സ് റിന്യൂവബിള്‍സുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരിസ്ഥിതി ഉത്തരവാദിത്തം കമ്പനിയുടെ നയത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും ബഹ്റൈന്റെ ഹരിത പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പ്രായോഗിക സംരംഭങ്ങള്‍ ആരംഭിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അസ്രി സി.ഇ.ഒ. ഡോ. അഹമ്മദ് അല്‍ അബ്രി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ സൗരോര്‍ജ്ജ നിലയത്തിന്റെ ആകെ ശേഷി 22.5 മെഗാവാട്ടും രണ്ടാം ഘട്ടത്തില്‍ 22 മെഗാവാട്ടുമായിരിക്കും. ഊര്‍ജ്ജ ഉപയോഗം മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിനൊപ്പം രണ്ട് ദശലക്ഷം അമേരിക്കന്‍ ഡോളറിലധികം വാര്‍ഷിക ലാഭം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


