
മനാമ: ബഹ്റൈന്‍ എണ്ണ- പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ വാട്ടര്‍, എനര്‍ജി, ക്ലൈമറ്റ് ചേഞ്ച് കോണ്‍ഗ്രസിന്റെ (സി.ഡബ്ല്യു.ഇ.സി.സി.സി. 2025) രണ്ടാം പതിപ്പ് എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
‘സുസ്ഥിര ജല-ഊര്‍ജ്ജ പരിവര്‍ത്തനം; സുരക്ഷിതമായ ഭാവിക്കായി നവീകരണം’ എന്ന പ്രമേയത്തിലാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
ബഹ്റൈനകത്തും പുറത്തുമുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, പ്രകൃതിവിഭവങ്ങളും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജല അടിസ്ഥാന സൗകര്യ വികസനം, ബദല്‍- ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കല്‍, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമിടയില്‍ യുക്തിസഹമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ബോധവല്‍ക്കരണ സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സംയോജിത പദ്ധതികളിലൂടെ സാമ്പത്തിക മത്സരക്ഷമതയും പരിസ്ഥിതി സുസ്ഥിരതയും സംരക്ഷിക്കുന്ന ബഹ്റൈന്റെ സന്തുലിത സമീപനത്തെ മന്ത്രി പരാമര്‍ശിച്ചു.
ദേശീയ ജല തന്ത്രം (2021- 2030) നടപ്പിലാക്കുന്നതില്‍ ജലവിഭവ കൗണ്‍സിലിന്റെ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങില്‍ അനുബന്ധ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ജലത്തിലും ഊര്‍ജ്ജത്തിലും നൂതന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.
