
മനാമ: ‘ലാമിയ’ എന്ന ദേശീയ പരിപാടിയെ പിന്തുണയ്ക്കാന്‍ ലാമിയ അസോസിയേഷനും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) ഒരു വിജ്ഞാന സഹകരണ കരാര്‍ ഒപ്പുവെച്ചു.
ലാമിയ അസോസിയേഷന് ചെയര്‍പേഴ്സണ്‍ ഷൈഖ ധോവ ബിന്ത് ഖാലിദ് അല്‍ ഖലീഫയും ബി.ഐ.ബി.എഫ്. സി.ഇഒ. ഡോ. അഹമ്മദ് അല്‍ ഷെയ്ഖുമാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാറനുസരിച്ച് ബഹ്റൈനി യുവാക്കളെ നേതൃത്വപരമായ പങ്കിനും ദേശീയ വികസനത്തിനും സജ്ജമാക്കാന്‍ ആശയവിനിമയം, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രോജക്ട് മാനേജ്മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലന പരിപാടികള്‍ ബി.ഐ.ബി.എഫ്. നടത്തും.
2021ല്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ കീഴില്‍ ആരംഭിച്ച ലാമിയ പ്രൊഫഷണല്‍, വ്യക്തിഗത വളര്‍ച്ചയ്ക്കായി ബഹ്റൈനി യുവാക്കളെ പരിശീലിപ്പിക്കാനുള്ള പദ്ധതിയാണ്.
