
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളില്‍നിന്നും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 27, 28 തീയതികളില്‍ ജി.സി.സി. അവയവമാറ്റ കമ്മിറ്റി യോഗം ചേര്‍ന്നു.
കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍- റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ തലവന്‍ കേണല്‍ ഡോ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.
അവയവം മാറ്റിവെക്കല്‍ മേഖലയിലെ ഗള്‍ഫ് സഹകരണം വര്‍ധിപ്പിക്കാനും അവയവ കൈമാറ്റത്തിലെ എത്തിച്ചുകൊടുക്കല്‍ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും പരമാവധി ഉപയോഗം ഉറപ്പാക്കാന്‍ അവയവ കൈമാറ്റത്തിലെ സംയോജനം ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. വിജയകരമായ രീതികളെക്കുറിച്ചും അവയവം മാറ്റിവെക്കലിനായി ഒരു ഏകീകൃത പ്ലാറ്റ്ഫോം വികസിപ്പിക്കുക, അനുബന്ധ നിയന്ത്രണങ്ങള്‍ സമന്വയിപ്പിക്കുക, ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിടുന്ന ജി.സി.സി. ഹെല്‍ത്ത് കൗണ്‍സിലിന്റെ തന്ത്രപരമായ പദ്ധതി(2026- 2030)യെക്കുറിച്ചും പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.
‘വാമെന് അഹ്യാഹ’ (ഒരു ജീവന് രക്ഷിക്കുന്നയാള്‍) എന്ന ദേശീയ അവയവ ദാനത്തിനും മാറ്റിവെക്കലിനും വേണ്ടിയുള്ള പദ്ധതിയുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട്, ഈ മേഖലയിലെ സംയുക്ത ഗള്‍ഫ് സംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള ബഹ്റൈന്റെ പ്രതിബദ്ധത കേണല്‍ ഡോ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് വിശദീകരിച്ചു. 2023 നവംബറില്‍ ആരംഭിച്ചതിനുശേഷം കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ പ്രാദേശിക, അന്തര്‍ദേശീയ മെഡിക്കല്‍ സെന്ററുകളുമായി സഹകരിച്ച് 18 കരള്‍ മാറ്റിവയ്ക്കലുകളും 49 വൃക്ക മാറ്റിവയ്ക്കലുകളും നടത്തിയതായി അദ്ദേഹം പറഞ്ഞു.
