
മനാമ: കൂടുതല്‍ സംയോജിതവും ഫലപ്രദവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി ഡിജിറ്റല്‍ പരിവര്‍ത്തനം വര്‍ധിപ്പിക്കാനും ശേഷി വികസനം നിലനിര്‍ത്താനും പ്രകടന നിലവാരം മെച്ചപ്പെടുത്താനും സമൂഹവുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റ് ആരംഭിച്ചു.
നടപടിക്രമങ്ങള്‍ ലളിതമാക്കുക, സേവന നിലവാരം ഉയര്‍ത്തുക, ആക്സസ് സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ഡിജിറ്റല്‍ സംവിധാനം നിര്‍മ്മിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ വെബ്സൈറ്റിന്റെ ആരംഭമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പറഞ്ഞു. രൂപകല്‍പ്പനയ്ക്ക് സംഭാവന നല്കിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സ്പെഷ്യലിസ്റ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു.
പുതിയ വെബ്സൈറ്റ് സംയോജിത ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളുകള്‍, പരീക്ഷാ ടൈംടേബിളുകള്‍, ഗ്രേഡുകള്‍, ദൈനംദിന ഹാജര്‍ സ്ഥിതിവിവരക്കണക്കുകള്‍, ഗ്രേഡുകളിലെ അപ്പീലുകള്‍, ഇന്റര്‍മീഡിയറ്റ്- സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലങ്ങള്‍, സെക്കന്‍ഡറി വിദ്യാഭ്യാസ പാതകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം, സ്കൂള്‍ ഗതാഗതത്തിനുള്ള അപേക്ഷകള്‍ എന്നിവ നല്കുന്ന EduSIS സിസ്റ്റത്തിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.
വെബ്സൈറ്റിലേക്ക് www.moe.gov.bh എന്ന വെബ്സൈറ്റ് വഴി പ്രവേശിക്കാവുന്നതാണ്.
