
മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘ഷഹാബ്’ പ്രകാശനം ചെയ്തു.
ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള അന്തിമ ഒരുക്കങ്ങള്‍ പ്രഖ്യാപിക്കാന്‍ ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്.
ഏഷ്യന്‍ യൂത്ത് ഗെയിംസ് ബഹ്റൈനില്‍ ആദ്യമായാണ് നടക്കുന്നത്. 45 ദേശീയ ഒളിമ്പിക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 6,000 പുരുഷ, വനിതാ അത്ലറ്റുകള് 24 കായിക ഇനങ്ങളിലായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘ഷഹാബി’നെക്കുറിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്മാന് യൂസഫ് ദുഐജ് വിശദീകരിച്ചു. ഈ അറേബ്യന്‍ ജീവി ബഹ്റൈന്‍ യുവത്വത്തിന്റെ ചൈതന്യം, ശക്തി, പ്രതിരോധശേഷി, അഭിലാഷങ്ങള്‍ എന്നിവയുടെ പ്രതീകമാണ്.
ഷഹാബ് പാരമ്പര്യത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്നു. ആതിഥേയരുടെ സമ്പന്നമായ മരുഭൂമി പൈതൃകത്തെ പ്രതിനിധീകരിക്കുകയും കായികരംഗത്തും ജീവിതത്തിലും മികവ് പുലര്‍ത്താന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഗെയിംസിനുള്ള മെഡലുകളും പന്തവും പത്രസമ്മേളനത്തില്‍ അനാച്ഛാദനം ചെയ്തു. ഗെയിംസിന്റെ വെബ്സൈറ്റ് ഷെയ്ഖ് ഈസ ബിന്‍ അലി ഉദ്ഘാടനം ചെയ്തതോടെ പരിപാടി അവസാനിച്ചു.
