
മനാമ: ബഹ്റൈനില്‍ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബിയോണ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു.
കരാര്‍ പ്രകാരം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനും സംയോജിത നിരീക്ഷണ സംവിധാനമുണ്ടാക്കാനും ശേഷിയുള്ള 500 ക്യാമറകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിക്കും. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നിയന്ത്രണത്തിലായിരിക്കും ക്യാമറകള്‍.
ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്്മാന് അല്‍ ഖലീഫയും ബിയോണ് കമ്പനി ചെയര്മാന് ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് കൗണ്‍സില്‍ യോഗത്തിലാണ് ഒപ്പുവെക്കല്‍ നടന്നത്.
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമഭേദഗതി നടപ്പാക്കുന്നത് യോഗം അവലോകനം ചെയ്തു.
