
മനാമ: ബഹ്റൈനില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് മൂന്നു വിദേശികള്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 5 മുതല്‍ 9 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു.
കുറ്റക്കാരായ ഓരോരുത്തര്‍ക്കും ഒരു ലക്ഷം ദിനാര്‍ വീതം പിഴയും വിധിച്ചു. കൂടാതെ ഒന്നാം പ്രതിയില്‍നിന്ന് 83,710.939 ദിനാറും രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികളില്‍നിന്ന് 4,44,290.800 ദിനാറും വേറെ പിഴയായി ഈടാക്കും. ശിക്ഷ പൂര്‍ത്തിയായാല്‍ മൂന്നു പേരെയും നാടുകടത്തും.
കേസിലുള്‍പ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഒരുലക്ഷം ദിനാര്‍ പിഴ ചുമത്തി. കൂടാതെ 4,44,290.800 ദിനാര്‍ ഈടാക്കുകയോ തത്തുല്യമായ തുകയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയോ ചെയ്യും.
പ്രതികള്‍ പറഞ്ഞതനുസരിച്ച് ലൈസന്‍സില്ലാത്ത ഒരു കമ്പനിയില്‍ വലിയ ഡിജിറ്റല്‍ തുകകള്‍ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട ചിലരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് ഓഫ് ഫിനാന്‍സ് ആന്റ് മണി ലോണ്ടറിംഗ് ക്രൈംസ് നടത്തിയ അന്വേഷണത്തില്‍ ഇരകള്‍ വഞ്ചിച്ചക്കപ്പെട്ടതായി കണ്ടെത്തി.
