
മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍മാരായ ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ ഡ്രീം ഇലവനുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ച് ബിസിസിഐ. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിച്ചുകൊണ്ടുള്ള ‘പ്രൊമോഷൻ ആൻഡ് റെഗുലേഷന് ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബിസിസിഐയും ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ഇന്നാണ് ബിസിസിഐ കരാര്‍ റദ്ദാക്കിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഭാവിയില്‍ ഇത്തരം സ്ഥാപനങ്ങളുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വാര്‍്തതാ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
ഡ്രീം ഇലവനുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പില്‍ സ്പോണ്‍സറില്ലാതെയാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ടൊയോട്ട അടക്കമുള്ള വമ്പന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസര്ഷിപ്പില് താല്പര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ ഡ്രീം ഇലവന് ഹേമങ് അമിന്‍ ബിസിസിഐ ആസ്ഥാനത്തെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനുശേഷമാണ് ബിസിസിഐ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഔദ്യോഗികമായി റദ്ദാക്കിയതായി അറിയിച്ചത്.
അതേസമയം, 2026വരെ ഡ്രീം ഇലവനുമായി സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടെങ്കിലും ഇടക്ക് വെച്ച് കരാര്‍ അവസാനിപ്പിച്ചതിന്റെ പേരില്‍ ബിസിസിഐക്ക് ഡ്രീം ഇലവൻ നഷ്ടപരിഹാരം നല്‍കേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ നിയമനിര്‍മാണം മൂലം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം വന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന കരാറിലെ വ്യവസ്ഥയാണ് ഡ്രീം ഇലവന് തുണയായത്.
